പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് സി. വത്സനെചൊല്ലി പാലക്കാട് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ഭരണ - പ്രതിപക്ഷ തർക്കം.
അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രശോഭിന്റെ അപേക്ഷ തള്ളണമെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയാൽ കൗണ്‍സിലിൽ പ്രവേശിപ്പിക്കരുതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കൂടിയായ മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
സഭയുടെ അന്തസിനെ കളങ്കപ്പെടുത്തുന്നതിനാൽ പ്രശോഭിന്റെ പ്രവേശനം പുന:പരിശോധിക്കണമെന്നും മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അവധി അനുവദിക്കണമെന്നു കോണ്‍ഗ്രസ് കൗണ്‍സിലർ സാജോ ജോണ്‍ ആവശ്യപ്പെട്ടു.
ഇതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കവും ബഹളവുമായി. കോണ്‍ഗ്രസ് പാർട്ടി പീഡകനുവേണ്ടി വാദിക്കുന്നുവെന്നു ബിജെപി കൗണ്‍സിലർ ഇ. കൃഷ്ണദാസ് ആരോപിച്ചതോടെയാണ് വാക്കുതർക്കമുണ്ടായത്. പ്രശോഭിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.
നിയമപ്രകാരം മൂന്നുമാസമോ തുടർച്ചയായി മൂന്നുകൗണ്സിലുകളിലോ ഹാജരായില്ലെങ്കിൽ സ്വാഭാവികമായി കൗണ്‍സിലർ സ്ഥാനം നഷ്ടപ്പെടുമെന്നു കൗണ്‍സിലർ ഇ. കൃഷ്ണദാസ് വ്യക്തമാക്കി. മാർച്ച് പത്തിനാണ് പ്രശോഭ് ഒടുവിൽ കൗണ്‍സിലിൽ ഹാജരായത്. കൗണ്‍സിലർക്കും ജയിലിലേക്കും ഇക്കാര്യം ഉന്നയിച്ച് നോട്ടീസ് അയച്ചിരുന്നുവെന്നു ചെയർപേഴ്സണ്‍ പറഞ്ഞു.
ബഹളത്തിനൊടുവിൽ പ്രശോഭിന്റെ അവധി അപേക്ഷ തള്ളിയതായി ചെയർപേഴ്സണ്‍ പി. സ്മിതേഷ് അറിയിച്ചു. ഇക്കാര്യം നഗരസഭ സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നു യോഗം നിർദേശിച്ചു.
കൗണ്‍സിൽ യോഗം തുടങ്ങി അരമണിക്കൂറിനകം കോറം തികഞ്ഞിലെങ്കിൽ യോഗം പിരിച്ചുവിടണമെന്ന് ഇ. കൃഷ്ണദാസ് പറഞ്ഞതും ബഹളത്തിനിടയാക്കി. നഗരത്തിലെ കോർട്ട് റോഡിന്റെ പേരുമാറ്റി രത്നവേലു ചെട്ടിയാരുടെ പേരുനൽകണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർ മോഹൻ ബാബു ആവശ്യപ്പെട്ടു.
നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഓപ്പറേഷൻ തൂഫാനുമായി നഗരത്തിലെ സ്കൂളുകൾ സഹകരിക്കുമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ മിനി കൃഷ്ണകുമാർ പറഞ്ഞു. സ്കൂളുകളുടെ സമീപത്തുള്ള പെട്ടിക്കടകളും പരിശോധിക്കും.
ശുചീകരണ തൊഴിലാളികൾക്കു സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്ന് എൽഡിഎഫ് കൗണ്‍സിലർ കുമാരി ആവശ്യപ്പെട്ടു. സുരക്ഷാ ഉപകരണങ്ങൾ നൽകുമെന്നും എലിപ്പനി പ്രതിരോധ ഗുളികകൾക്കായി ഡിഎംഒക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.